
ന്യൂഡൽഹി: സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ നിയമസമൂഹത്തിന്റെ പങ്ക് വലുതാണെന്ന് ഓർമ്മിപ്പിച്ച് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത്. സ്വാതന്ത്ര്യദിനാർ വേളയിൽ സുപ്രീം കോടതി ബാർ അസോസിയേഷനെ (SCBA) അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മുൻനിര ശിൽപ്പികളായ മഹാത്മാഗാന്ധി, ഡോ. ബി.ആർ. അംബേദ്കർ, സർദാർ വല്ലഭഭായ് പട്ടേൽ എന്നിവരെല്ലാം അഭിഭാഷകരായിരുന്നുവെന്നും, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അഭിവാജ്യ ഘടകമായിരുന്നു നിയമസമൂഹമെന്നും സി.ജെ.ഐ വ്യക്തമാക്കി.
മോത്തിലാൽ നെഹ്റു, ബാലഗംഗാധര തിലക്, ഡോ. രാജേന്ദ്ര പ്രസാദ് തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിൽ ഹർജികളിലൂടെയും പൊതുചർച്ചകളിലൂടെയും നിയമത്തിന്റെ തന്ത്രപരമായ ഉപയോഗത്തിലൂടെയുമാണ് സ്വാതന്ത്ര്യസമരം മുന്നേറിയത്.
സ്വാതന്ത്ര്യാനന്തരം കൊതിച്ച ഭരണഘടനാ കാഴ്ചപ്പാടുകൾ യാഥാർത്ഥ്യമാക്കുന്നതിൽ ബാറിന്റെ പങ്ക് വളരെ വലുതാണ്. അന്തസ്സോടെയുള്ള ജീവിതം, ശുദ്ധമായ അന്തരീക്ഷം, സൗജന്യ നിയമസഹായം എന്നിവ ഉറപ്പാക്കുന്നതിൽ ആർട്ടിക്കിൾ 21-ന്റെ വ്യാപ്തി വികസിപ്പിച്ചതിൽ നിയമസമൂഹത്തിന്റെ പങ്ക് നിർണായകമാണ്.
മത്സരബുദ്ധിയേറിയ ഈ രംഗത്ത് കരിയർ കെട്ടിപ്പടുക്കുന്നതിലെ സമ്മർദ്ദങ്ങൾ തിരിച്ചറിഞ്ഞ സി.ജെ.ഐ, നീതിയുടെ കാവൽക്കാരായി മാറാൻ യുവ തലമുറയോട് ആവശ്യപ്പെട്ടു.
നീതിന്യായ വ്യവസ്ഥയെ സംരക്ഷിച്ചു മുന്നോട്ട് കൊണ്ടുപോകേണ്ട വലിയ ഉത്തരവാദിത്തം വൈകാതെ യുവ അഭിഭാഷകരുടെ തോളുകളിലെത്തുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സമൂഹത്തിലെ ശബ്ദമില്ലാത്തവരുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ഭരണഘടനാ വാഗ്ദാനങ്ങൾ കാത്തുസൂക്ഷിക്കുകയെന്നതാണ് അഭിഭാഷകവൃത്തിയുടെ ആത്യന്തിക ലക്ഷ്യമെന്ന് ചൂണ്ടിക്കാണിച്ചാണ് സി.ജെ.ഐ തന്റെ പ്രസംഗം ഉപസംഹരിച്ചത്. യുവ വക്കീലന്മാർക്ക് ആവശ്യമായ പിന്തുണയും മെന്റർഷിപ്പും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











